ഉണർവ് പകർന്ന ആ ചൂട് കട്ടൻ...
കട്ടൻകാപ്പി ഏകദിന കലാ പരിശീലന കളരി..
------------------------------------------------------
കഴിഞ്ഞ ചൊവ്വ നമ്മുടെ സ്ഥാപനം ഒരുപാട് പുതിയ അനുഭവങ്ങൾക്ക് സാക്ഷ്യം വഹിച്ച ദിനമായിരുന്നു.
സെപ്റ്റംബർ 16,17,18,19 തീയതികളിൽ നടക്കുന്ന കോളേജ് കലാവോത്സവത്തിന് മുന്നോടിയായി വിദ്യാർത്ഥികൾക്ക് പരിശീലന ക്യാമ്പ് സംഘടിപ്പിക്കുകയുണ്ടായി.
പേരു കൊണ്ടുതന്നെ വ്യത്യസ്തമായ പരിപാടിയിൽ 6 സെഷനുകളാണ് ഉൾപ്പെട്ടിരുന്നത്. ' കളം, സരളം,താളം,കോളം ദളം, ഓളം '.
ഒരു ദിനം നീണ്ടുനിന്ന ക്യാമ്പ് പൂർത്തിയായതോടെ എല്ലാവർക്കും ഒരു കട്ടൻ ചായ കുടിച്ച പ്രതീതിയാണ്. വിദ്യാർത്ഥി ജീവിതത്തിനിടയിൽ പലപ്പോഴും അതിഥികളാവാറുള്ള മടിയും ആലസ്യവും നിഷ്ക്രിയവും മാറ്റിയെടുത്ത് ശരീരത്തിനും മനസ്സിനും ഉന്മേഷവും ഊർജവും പകരാൻ കട്ടൻകാപ്പി കലാ പരിശീലന ക്യാമ്പിന് സാധിച്ചുവെന്നതിൽ സംശയമില്ല.
വിദ്യാർത്ഥികളെ സീനിയർ ജൂനിയർ എന്നിങ്ങനെ രണ്ട് വിഭാഗങ്ങളാക്കി തിരിച്ചു പ്രത്യേകം രണ്ടു വേദികൾ ഒരുക്കി ഒരേസമയം രണ്ട് വേദികളിലും പ്രസന്റേഷൻ നടക്കുന്ന രീതിയാണ് ബദ്‌രിയ്യ വിദ്യാർഥി യൂണിയന്റെ പ്രധാന ഉപസമിതി ഓർഗനൈസിംഗ് വിംഗ് ആവിഷ്കരിച്ചത്.
പുലർച്ചെ 6 മണിക്ക് തുടങ്ങിയ ക്യാമ്പ് രാത്രി 10 വരെ നീണ്ടു. രാവിലെ സുബ്ഹി നിസ്കാര ശേഷം 'കളം' സെഷൻ ആയിരുന്നു. സ്ഥാപനത്തിലെ മുഴുവൻ വിദ്യാർഥികളും പ്രത്യേക യൂണിഫോം ധരിച്ച് കളത്തിലിറങ്ങി. ആയോധനകലയിൽ ശ്രദ്ധേയമായ നേട്ടം കൈവരിച്ച അബ്ദുൽ കരീം വാഫിയാണ് സെഷന് നേതൃത്വം നൽകിയത് . വ്യായാമം നമ്മുടെ ജീവിതത്തിന്റെ ഭാഗമാക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഊന്നി പറഞ്ഞു.
ഒരു മണിക്കൂർ നീണ്ടുനിന്ന സെഷനിൽ കുറച്ച് ആയോധന ടിപ്സുകൾ പരിചയപ്പെടുത്തുകയും ചെയ്തു. പ്രഭാതത്തിൽ ശരീരമനങ്ങി വിയർത്തൊലിച്ച ആദ്യ സെഷൻ പഴയകാല സ്കൂൾ പി.ടി പിരീഡുകളിലെ ഓർമ്മകളിലേക്ക് കൊണ്ടെത്തിച്ചു.
വളരെ വ്യത്യസ്തവും അനുഭവേദ്യവുമായ സംഗമമായിരുന്നു കളം. ബദ്‌രിയ്യ ജീവിതത്തിൽ ഏറെ കാലങ്ങൾക്ക് ശേഷം ലഭിച്ച അഭ്യാസ മുറകൾ പരിചയപ്പെടുത്തുന്ന ഇത്തരം വേദികൾ ഇനിയും ഇടയ്ക്കിടെ ലഭിക്കണമെന്നാണ് വിദ്യാർഥികളുടെ ഏകാഭിപ്രായം.
![]() |
| കളം; അബ്ദുൽ കരീം വാഫി പറപ്പൂർ |
രണ്ടാം സെഷൻ സരളം രാവിലെ 9 മണിക്കാണ് ആരംഭിച്ചത്.
പ്രഭാഷണ കലയായിരുന്നു വിഷയം.
പ്രശസ്ത വാഗ്മിയും ട്രെയിനറുമായ ഇഖ്ബാല്‍ വാഫി സെഷന് നേതൃത്വം നൽകി. പ്രഭാഷണം ആകർഷകവും ഹൃദ്യവുമാക്കാനുള്ള നിർദ്ദേശങ്ങൾ മാതൃക സഹിതം അദ്ദേഹം വിശദീകരിക്കുകയുണ്ടായി. പ്രസംഗ വിഷയ ക്രമീകരണം, പദവിന്യാസം,നോട്ടം, മുഖഭാവം, ആംഗ്യം തുടങ്ങി എല്ലാ അദ്ദേഹത്തിന്റെ അവതരണത്തിൽ കടന്നുവന്നു.
![]() |
| സരളം: ഇഖ്ബാല്‍ വാഫി വേങ്ങര |
പുത്തൻ സാങ്കേതികവിദ്യകളുടെ വരവോടെ ആസ്വാദനത്തിന്റെ അരികുകളിലേക്ക് മാറ്റിനിർത്തപ്പെട്ടു കൊണ്ടിരിക്കുന്ന ചിത്രകലകൾക്ക് സമൂഹത്തിന് വേറിട്ട നിരവധി സന്ദേശങ്ങൾ നൽകാൻ സാധിക്കുമെന്ന് വ്യക്തമാക്കുന്നതായിരുന്നു 'ദളം' സദസ്സ്.
നമ്മുടെ സ്ഥാപനത്തിന്റെ തന്നെ പൂർവ്വ വിദ്യാർത്ഥിയും പ്രഗൽഭ ചിത്രകാരനുമായ സ്വാലിഹ് ഫൈസി അൽ ബദ്‌രി ഈ സംഗമം നിയന്ത്രിച്ചു
ദളം: സ്വാലിഹ് ഫൈസി അൽ ബദ്‌രി
ഫെസ്റ്റിലെ മത്സരയിനങ്ങളായി വരുന്ന കളറിംഗ് പെൻസിൽ ഡ്രോയിങ് കാലിഗ്രഫി കാർട്ടൂൺ പോസ്റ്റർ ഡിസൈനിങ് തുടങ്ങി നിരവധി ഇനങ്ങളിലെ പാഠങ്ങൾ വിദ്യാർത്ഥികൾക്ക് പകർന്നുനൽകി. ഡിജിറ്റൽ സാങ്കേതിക വിദ്യകളിൽ ചിത്ര കലകൾ എങ്ങനെ ഉപയോഗപ്പെടുത്താമെന്നും അദ്ദേഹം സൂചിപ്പിക്കുകയുണ്ടായി.
ക്യാമ്പിന്റെ നാലാമത്തെ സംഗമം 'കോളം' ആയിരുന്നു. അഥവാ എഴുത്തുകല. മനോഹരമായ കവിതകളും കഥകളും പ്രബന്ധങ്ങളും പിറവിയെടുക്കാൻ വിദ്യാർഥികൾക്ക് പ്രചോദനം നൽകുന്ന ഈ സെഷൻ കൈകാര്യം ചെയ്തത് പ്രമുഖ എഴുത്തുകാരൻ മുസ്തഫ വാഫി കട്ടുപ്പാറയായിരുന്നു.
![]() |
| കോളം: മുസ്തഫ വാഫി കട്ടുപ്പാറ |
എഴുത്ത് സർഗാത്മകവും വിപ്ലവമാണെന്ന് അദ്ദേഹം പറയുകയുണ്ടായി. സാമൂഹിക പരിവർത്തനങ്ങൾക്ക് മൂർച്ചയുള്ള തൂലിക ആവശ്യമാണ്.
ആശയങ്ങളെ കൃത്യതയോടെയും സൗന്ദര്യത്തോടെയും അവതരിപ്പിക്കാനാവുന്ന ഭാഷ എഴുത്തിന് ആവശ്യമായതിനാൽ വായന മുടങ്ങാതെ ജീവിതത്തിന്റെ ഭാഗമാകണമെന്ന് ഈ ഒത്തുചേരൽ നിർദ്ദേശിച്ചു.ക്യാമ്പിൽ വെച്ച് തന്നെ വിദ്യാർത്ഥികളെ കൊണ്ട് സൃഷ്ടികൾ എഴുതിപ്പിച്ച് തൽസമയം തെറ്റുകൾ തിരുത്തി പരിശീലനം നൽകിയാണ് അദ്ദേഹം 'കോളം' നിയന്ത്രിച്ചത്.
ഉച്ചയ്ക്കു ശേഷമുള്ള 'താളം' സംഗമം വളരെ ഹൃദ്യമായിരുന്നു. സദസ്സിന് കുളിര് പകർന്ന് ഉസ്മാൻ ഹുദവി കൂരിയാട് നടത്തിയ ശ്രവണ സുന്ദരമായ അവതരണം മനസ്സിന് ഉണർവ് പകർന്നു. സ്വരങ്ങളുടെ സഹായത്തോടെ ആശയങ്ങളും വികാരങ്ങളും കൈമാറുന്ന പാട്ടുകലകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളും നിയമവശങ്ങളും കുറഞ്ഞ സമയത്തിനുള്ളിൽ അദ്ദേഹം വിശദീകരിച്ചു തന്നു.
![]() |
| താളം: ഉസ്മാൻ ഹുദവി കൂരിയാട് |
ഒരുപാട് അനുഭവങ്ങളും ഹൃദയസ്പർക്കായ കാഴ്ചപ്പാടുകളും പകർന്നു തന്ന ഈ സംഗമം ഒരു സംഗീത വിരുന്നു തന്നെയായിരുന്നു.
താളം .രാത്രി 9 മണിക്ക് തുടങ്ങിയ അവസാനത്തേതും ആറാമത്തേതുമായ 'ഓളം'സെഷൻ മനസ്സിനകത്ത് ഒരുപാട് ഓളങ്ങളും ആന്തോളനങ്ങളും സൃഷ്ടിച്ചു.
വ്യത്യസ്തമായ ഇരിപ്പിട ക്രമീകരണവും വെളിച്ച സംവിധാനവും ഒരുക്കിയ വേദിയിൽ കലാലയ ജീവിതത്തിൽ മുന്നിലേക്ക് എത്തുന്ന ഏത് അവസരങ്ങളും ചാടിപ്പിടിച്ചു ഉപയോഗപ്പെടുത്താൻ പ്രശസ്ത ട്രൈനർ അബ്ദുൽ ഹക്കീം വാഫി വള്ളിക്കപ്പറ്റ സൂചിപ്പിക്കുകയുണ്ടായി.
![]() |
| ഓളം: അബ്ദുൽ ഹക്കീം വാഫി വള്ളിക്കപ്പറ്റ |
ജീവിതത്തിന് അർത്ഥവും പൊരുളും ലഭിക്കാൻ അല്ലാഹുവിനുവേണ്ടിയും അവന്റെ വിശുദ്ധ ദീനിന് വേണ്ടിയും മത ഭൗതിക വിജ്ഞാന ശേഖരണത്തിന് വേണ്ടിയും ഓരോ നിമിഷവും മാറ്റിവെക്കാൻ വിദ്യാർത്ഥികൾ പ്രതിജ്ഞാബദ്ധരായിരിക്കണമെന്ന് ഓർമ്മപ്പെടുത്തി സംഗമം രാത്രി 10:30 ന് സമാപിക്കുകയുണ്ടായി.
ക്യാമ്പിനിടയിൽ പലതവണ കട്ടൻ കാപ്പിയും മധുരവും വിതരണം ചെയ്തത് രസകരമായി.
ക്യാമ്പിന്റെ ഇടവേളയിൽ നടത്തിയ ഹാസ്യ പ്രോഗ്രാമുകൾ ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത അനുഭവങ്ങളായി മാറും.
സെപ്റ്റംബർ 16 മുതൽ 19 കൂടിയ ദിനങ്ങളിൽ ബദ്‌രിയ്യ ക്യാമ്പസിൽ വച്ച് നടക്കുന്ന കലാമാങ്കത്തിൽ സബ് ജൂനിയർ ജൂനിയർ സീനിയർ കാറ്റഗറിയിൽ മൂന്ന് ഗ്രൂപ്പുകളാണ് ഏറ്റുമുട്ടുന്നത്. ബദ്‌രിയ്യയുടെ ചരിത്രത്തിൽ ആദ്യമായി ഇത്തവണ പ്രമേയ അടിസ്ഥാനമാക്കിയുള്ള (theme based)ഫെസ്റ്റാണ് അരങ്ങേറുന്നത്.
മനുഷ്യനും ജീവജാലങ്ങളും പാർക്കുന്ന ഈ മണ്ണിന്റെ പ്രകൃതി ഹരിതാഭമായി നിലനിൽക്കണമെന്ന സന്ദേശമാണ് ഫെസ്റ്റ് കൈമാറുന്നത്.
"തിങ്കളും താരങ്ങളും" എന്നതാണ് ഫെസ്റ്റിന് നാമകരണം ചെയ്തിട്ടുള്ളത്.
കളകളാരവം, കടലാരവം, കളകൂജനം എന്നിവയാണ് ഗ്രൂപ്പ് നാമങ്ങൾ.
ഫെസ്റ്റ് മത്സരങ്ങളും അതിനോടനുബന്ധിച്ച് നടക്കുന്ന പരിപാടികളും ചടങ്ങുകളും എല്ലാം പ്രകൃതിയുടെയും ആരോഗ്യകരവും സുസ്ഥിരവുമായ അന്തരീക്ഷത്തിന്റെയും നിലനിൽപ്പിനായി ശബ്ദമുയർത്തും.
- യുവി. കിളിനക്കോട്

.jpg)








